സെന്റ് ജോസഫിന്റെ ആൺകുട്ടികൾ കൈകോർക്കുന്നു

Sanjo Boys joining hands

ബ്‌ളാക്ക് & വൈറ്റ്, ഗൃഹാതുരത്വത്തിന്റെ നിറങ്ങളാണ്... സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂള്‍ നമുക്ക് ഗൃഹാതുരത്വത്തിന്റെ അവസാന വാക്കാവുന്നതും അതുകൊണ്ടായിരിക്കണം... കറുത്ത പാന്റും വെളുത്ത ഷര്‍ട്ടുമണിഞ്ഞ ആ ദിനങ്ങള്‍, ഇന്നും നമ്മുടെ ഹൃദയത്തിൽ നിറഞ്ഞു നിൽക്കുന്നു... ബാല്യത്തില്‍ നിന്നും കൗമാരത്തിലേക്ക് പഠിച്ചും കളിച്ചും വലുതായ വര്‍ഷങ്ങളില്‍, തമാശകള്‍ക്കും കുസൃതികള്‍ക്കും ചങ്ങാത്തങ്ങള്‍ക്കും പിണക്കങ്ങള്‍ക്കുമെല്ലാം പശ്ചാത്തലമൊരുക്കിയ ഈ സ്‌കൂള്‍, ഇവിടുത്തെ ഓരോ പൂര്‍വവിദ്യാര്‍ഥിയുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്.

ശകാരിച്ചതിനേക്കാള്‍ എത്രയോ മടങ്ങ് നമ്മെ സ്‌നേഹിച്ചിരുന്ന അദ്ധ്യാപകരും, ബദാം മരങ്ങള്‍ തണല്‍ വിരിച്ച ബാസ്‌ക്കറ്റ് ബോള്‍ കോര്‍ട്ടില്‍ പല ക്ലാസുകളിലെ കുട്ടികള്‍ വരിവരിയായി നില്‍ക്കാറുള്ള സ്‌കൂള്‍ അസംബ്ലിയും, രാവിലെയുള്ള പ്രാര്‍ഥനാഗാനങ്ങളും, പീരിയഡുകളെ വേര്‍തിരിക്കുന്ന ആ ബെല്ലടിയും, പഠിപ്പുമുടക്കാന്‍ മറ്റ് സ്‌കൂളുകളിലെ കുട്ടികള്‍ എത്തുമ്പോള്‍ മുഴങ്ങാറുള്ള 'ഇന്നിനി ക്ലാസുകള്‍ ഉണ്ടായിരിക്കില്ല' എന്ന ഹെഡ്മാസ്റ്ററുടെ അനൗണ്‍സ്‌മെന്റും, ഉച്ചയൂണിന് ശേഷം പൊരിവെയിലത്തുള്ള പന്തുകളിയും ഉണ്ടയേറും, ലോങ്ങ് ബെല്ലിനു തൊട്ടുമുന്‍പുള്ള ജനഗണമനയും, ഒരു മതിലിനപ്പുറത്തെ കോണ്‍വെന്റ് ഗേള്‍സുമെല്ലാം, ഇന്നും മനസ്സിനെ ഉണര്‍ത്തുന്ന ചിത്രങ്ങളില്‍ ചിലത് മാത്രം.

ജാതിയും മതവും കടലാസില്‍ മാത്രം ഒതുങ്ങിയ ചെറിയ വിവരങ്ങളായിരുന്നെന്ന് തിരിച്ചറിയുന്നു, അന്നത്തെ സൗഹൃദകൂട്ടങ്ങളുടെ ഘടന ഓര്‍ക്കുമ്പോള്‍... പരീക്ഷയ്ക്ക് മുന്‍പുള്ള അവസാന റൗണ്ട് പഠിത്തത്തിന്റെ ഇടയ്ക്ക് സ്‌കൂളിനു മുന്നിലെ 'മദർ ഓഫ് ഗോഡ്' ദേവാലയത്തില്‍ പോയി 'ചോദ്യപേപ്പര്‍ ഈസി ആയിരിക്കണമേ'യെന്ന് പ്രാര്‍ഥിച്ചിരുന്നവർക്ക് മതങ്ങളുടെ വേർതിരിവ് ഉണ്ടായിരുന്നില്ല... 'മതേതരത്വം' എന്ന വാക്ക് എന്താണെന്നറിയുന്നതിന് മുന്‍പേ തന്നെ, അതിന്റെ അര്‍ത്ഥം നമ്മെ പഠിപ്പിച്ചു തന്നിരുന്ന നമ്മുടെ സ്‌കൂള്‍... ഹിന്ദുവും മുസൽമാനും ക്രൈസ്‌തവനും ജൈനനും പാർസിയുമെല്ലാം ഒരൊറ്റ യൂണിഫോമിൽ എത്തിയിരുന്ന ആ ബാല്യകാലം...

മലയാളിയും മാർവാഡിയും കൊങ്കിണിയും ഗുജറാത്തിയും തമിഴനും ആംഗ്ലോ ഇന്ത്യനുമെല്ലാം സ്നേഹത്തിന്റെ സഹാനുഭൂതിയുടെ ഭാഷ സ്വായത്തമാക്കാൻ കളമൊരുക്കിയ വിദ്യാർത്ഥി ജീവിതം... ശാസ്‌ത്രത്തിന്റെയും ചരിത്രത്തിന്റെയും ഭൂമിശാസ്‌ത്രത്തിന്റെയും ഗണിതത്തിന്റേയുമെല്ലാം പാഠങ്ങൾക്കപ്പുറം ഇവിടുത്തെ മഹാരഥന്മാരായ അധ്യാപകർ നമ്മെ പഠിപ്പിച്ചത് മണ്ണിൽ ചവിട്ടി നിൽക്കാനും കരുണയുള്ള മനുഷ്യരാവാനുമായിരുന്നു... വിദ്യാലയജീവിതം പൂർത്തിയാക്കി വർഷങ്ങളെത്ര കഴിഞ്ഞാലും, തങ്ങളുടെ വ്യക്തിത്വങ്ങൾക്ക് സമ്പന്നമായ സൗഹൃദങ്ങളുടെയും വിശാലമായ കാഴ്ചപ്പാടുകളുടെയും കരുത്തേകിയതിന് നന്ദി പറഞ്ഞുകൊണ്ട്, ഈ മുറ്റത്ത് നിന്നും ഇറങ്ങിയ ഓരോരുത്തരും സ്‌കൂളിന്റെ ഓർമ്മകളിലേക്ക് എന്നും എപ്പോഴും തിരിച്ചുനടക്കുന്നത്, ഇവിടെ നിന്നും പഠിച്ച നല്ല പാഠങ്ങൾക്ക് അടിവരയിടുന്നു...

ഒന്നുമല്ലാതിരുന്ന ഒന്നുമറിയാതിരുന്ന നമ്മെ ഈ കാണുന്ന നമ്മളാക്കി വരച്ചെടുത്തത് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളാണ്... ആ മഹത്തായ വിദ്യാലയത്തെ എന്നെന്നും ഓര്‍ക്കാനും, സഹപാഠികളും അധ്യാപകരുമായി സമ്പര്‍ക്കം നിലനിര്‍ത്താനും വേണ്ടിയാണ് 'സാഞ്ചോ ബോയ്‌സ്' എന്നയീ അനൗദ്യോഗിക പ്ലാറ്റ്ഫോം ആരംഭിക്കുന്നത്. സ്‌കൂൾ 225 ആം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, സ്വാതന്ത്രഭാരതത്തിൽ ഇവിടെ നിന്നും പഠിച്ചിറങ്ങിയ എല്ലാ പഴയ വിദ്യാർത്ഥികളെയും അവരെ പഠിപ്പിച്ച അദ്ധ്യാപകരേയും ഒരൊറ്റയിടത്തിൽ കൊണ്ടുവരാനുള്ള ഒരു എളിയ ശ്രമം. ഇതിലൂടെ നിങ്ങളുടെ ക്ലാസിൽ ഉണ്ടായിരുന്നവരെയെല്ലാം കണ്ടുപിടിക്കാം, വിശേഷം പറയാം...

ഓരോ ക്ലാസിലെയും ഏതെങ്കിലും ഒരാളെങ്കിലും ഒന്നാഞ്ഞു ശ്രമിച്ചാൽ, പഴയ കൂട്ടുകാരുടെയെല്ലാം പുതിയമുഖം ഇവിടെ ചേർത്ത് വെയ്‌ക്കാം... രണ്ടേകാൽ നൂറ്റാണ്ടിന്റെ പൈതൃകം കൊണ്ട് മാത്രമല്ല, പഠിച്ചിറങ്ങിയ വിദ്യാർത്ഥികൾ എക്കാലവും വെച്ച് പുലർത്തുന്ന നിറഞ്ഞ സ്നേഹത്തിന്റെ പേരിലും , ഈ വിദ്യാലയം ചരിത്രത്തിലിടം നേടട്ടെ....

സസ്നേഹം,
അനൂപ് ജി.
X-B, 1996